Isaiah 30

കഠിനഹൃദയരായ ജനത

1“കഠിനഹൃദയരായ മക്കൾക്കു ഹാ കഷ്ടം!”
എന്ന് യഹോവ അരുളിച്ചെയ്യുന്നു,
“എന്റേതല്ലാത്ത പദ്ധതികൾ നടപ്പിലാക്കി,
എന്റെ ആത്മാവിന്റെ ആലോചനകൂടാതെ സഖ്യംചെയ്ത്,
മൂ.ഭാ. പാനീയയാഗം അർപ്പിച്ച്.
പാപത്തിനുമേൽ പാപം കൂട്ടുകയും ചെയ്യുന്നവർക്കുതന്നെ.
2അവർ എന്നോട് അരുളപ്പാടു ചോദിക്കാതെ
ഈജിപ്റ്റിലേക്ക് ഇറങ്ങിച്ചെല്ലുന്നു;
ഫറവോന്റെ സംരക്ഷണത്തിനായി ശ്രമിച്ച്,
ഈജിപ്റ്റിന്റെ നിഴലിൽ അഭയംതേടുന്നവർക്കുതന്നെ.
3എന്നാൽ ഫറവോന്റെ സംരക്ഷണം നിങ്ങൾക്കു ലജ്ജയായിത്തീരും,
ഈജിപ്റ്റിന്റെ നിഴൽ നിങ്ങൾക്ക് അപമാനമായി ഭവിക്കും.
4സോവാനിൽ അവർക്കു പ്രഭുക്കന്മാർ ഉണ്ടായിരുന്നിട്ടും
അവരുടെ സ്ഥാനപതികൾ ഹാനേസിൽ എത്തിയിട്ടും,
5തങ്ങൾക്കു പ്രയോജനം വരുത്താത്തതും
സഹായമോ ഉപകാരമോ നൽകാത്തതും
ലജ്ജയും അപമാനവും വരുത്തുന്നതുമായ ഒരു ജനതനിമിത്തം
അവരെല്ലാവരും ലജ്ജിതരായിത്തീരും.”
6തെക്കേദേശത്തിലെ
അതായത്, യെഹൂദയ്ക്കു തെക്കുവശത്തുള്ള
മൃഗങ്ങളെക്കുറിച്ചുള്ള അരുളപ്പാട്:

ദുരിതവും കഷ്ടതയുമുള്ള,
സിംഹവും സിംഹിയും
അണലിയും പറക്കുംപാമ്പും നിറഞ്ഞ ദേശത്തിലൂടെ
സ്ഥാനപതികൾ കഴുതകളുടെ മുതുകത്ത് അവരുടെ സ്വത്തും,
ഒട്ടകങ്ങളുടെ പുറത്ത് അവരുടെ നിധികളും വഹിച്ചുകൊണ്ട്,
നിഷ്‌പ്രയോജന ദേശത്തേക്ക്,
7നിരർഥക സഹായത്തിന്റെ ദേശമായ ഈജിപ്റ്റിലേക്കുതന്നെ പോകുന്നു.
അതുകൊണ്ട് ഞാൻ അവളെ
അലസയായ രഹബ്
പൗരാണിക എഴുത്തുകളിൽ സമുദ്രത്തിൽ കലാപങ്ങൾ സൃഷ്ടിക്കുന്ന ഭീകരസത്വമായ ഒരു സാങ്കൽപ്പിക കഥാപാത്രം.
എന്നു വിളിച്ചു.

8ഇപ്പോൾ പോയി, അവരുടെമുമ്പാകെ ഒരു പലകയിൽ അത് എഴുതുക,
വരുംകാലത്തേക്ക്
ഒരു ശാശ്വത സാക്ഷ്യമായിരിക്കേണ്ടതിന്
അത് ഒരു ചുരുളിൽ എഴുതുക.
9കാരണം ഇവർ മത്സരമുള്ള ഒരു ജനതയാണ്,
യഹോവയുടെ ഉപദേശം ശ്രദ്ധിക്കാത്ത വ്യാജസന്തതിയാണ്.
10അവർ ദർശകന്മാരോട്,
“നിങ്ങൾ ഇനിയൊരിക്കലും ദർശനങ്ങൾ ദർശിക്കരുത്!” എന്നും
പ്രവാചകന്മാരോട്,
“നിങ്ങൾ ഇനിയൊരിക്കലും സത്യമായ കാര്യം ഞങ്ങളോടു പ്രവചിക്കരുത്!
മധുരവാക്കുകൾ ഞങ്ങളോടു സംസാരിക്കുക,
വ്യാജം പ്രവചിക്കുക.
11വഴി വിട്ടുമാറുക,
ഈ പാത വിട്ടു നടക്കുക,
ഇസ്രായേലിന്റെ പരിശുദ്ധനെക്കുറിച്ച്
ഞങ്ങളോടു പറയുന്നതു മതിയാക്കുക” എന്നും പറയുന്നു.
12അതിനാൽ ഇസ്രായേലിന്റെ പരിശുദ്ധൻ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“നിങ്ങൾ ഈ വചനം നിരസിക്കയും
പീഡനത്തിൽ ആശ്രയിക്കുകയും
കാപട്യത്തിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നതുകൊണ്ട്,
13ഈ അകൃത്യം നിങ്ങൾക്ക്
നിമിഷനേരംകൊണ്ടു നിലംപൊത്തുന്ന
വിള്ളൽവീണ് പുറത്തേക്കു തള്ളിനിൽക്കുന്ന ഉയരമുള്ള ഒരു കോട്ടപോലെ ആയിത്തീരും.
14അടുപ്പിൽനിന്ന് തീ കോരിയെടുക്കാനോ
ജലസംഭരണിയിൽനിന്ന് വെള്ളം മുക്കിയെടുക്കാനോ
കൊള്ളാവുന്ന ഒരു കഷണംപോലും അവശേഷിക്കാതെ
നിർദയം ഉടച്ചുതകർക്കപ്പെട്ട
കുശവന്റെ ഒരു കലംപോലെയാകും അതിന്റെ തകർച്ചയും.”
15ഇസ്രായേലിന്റെ പരിശുദ്ധനായ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

“പശ്ചാത്തപിച്ച് എന്നിൽ ആശ്രയംവെച്ചാൽ
മൂ.ഭാ. സ്വസ്ഥമായിരുന്നാൽ
നിങ്ങൾ രക്ഷപ്രാപിക്കും.
ശാന്തതയിലും ആശ്രയത്തിലുമാണ് നിങ്ങളുടെ ശക്തി,
എങ്കിലും ഇതു ചെയ്യാൻ നിങ്ങൾക്കു മനസ്സുണ്ടായില്ല.
16‘ഇല്ല, ഞങ്ങൾ കുതിരപ്പുറത്തുകയറി ഓടിപ്പോകും,’ എന്നു നിങ്ങൾ പറഞ്ഞു.
അതിനാൽ നിങ്ങൾ ഓടിപ്പോകും!
‘വേഗമുള്ള കുതിരകളിന്മേൽ ഞങ്ങൾ കയറി ഓടിച്ചുപോകും,’ എന്നും നിങ്ങൾ പറഞ്ഞു.
അതിനാൽ നിങ്ങളെ പിൻതുടരുന്നവരും വേഗമുള്ളവരായിരിക്കും!
17പർവതശൃംഗത്തിൽ ഒരു കൊടിമരംപോലെയും
മലമുകളിൽ ഒരു കൊടിപോലെയും
നിങ്ങൾ ശേഷിക്കുന്നതുവരെ
ഒരുവന്റെ ഭീഷണിക്കു മുന്നിൽ
ആയിരംപേരും
അഞ്ചുപേരുടെ ഭീഷണിയാൽ
നിങ്ങൾ മുഴുവൻ പേരും ഓടിപ്പോകും.”

18എന്നിട്ടും യഹോവ നിങ്ങളോടു കൃപ കാണിക്കാൻ ആശിച്ചിരിക്കുന്നു;
അതുകൊണ്ട് നിങ്ങളോടു കരുണകാട്ടാൻ അവിടന്ന് എഴുന്നേൽക്കും.
കാരണം യഹോവ ന്യായത്തിന്റെ ദൈവമാകുന്നു.
അവിടത്തേക്കുവേണ്ടി കാത്തിരിക്കുന്നവർ അനുഗൃഹീതർ.
19ജെറുശലേമിൽ വസിക്കുന്ന സീയോൻജനമേ, ഇനിയൊരിക്കലും നിങ്ങൾ കരയുകയില്ല. നിങ്ങൾ സഹായത്തിനായി നിലവിളിക്കുമ്പോൾ അവിടത്തേക്ക് നിങ്ങളോടു കരുണയുണ്ടാകും! അതു കേൾക്കുമ്പോൾത്തന്നെ അവിടന്ന് ഉത്തരമരുളും. 20കർത്താവ് നിങ്ങൾക്ക് അപ്പത്തിന്റെ സ്ഥാനത്തു കഷ്ടതയും ജലത്തിനു പകരം പീഡനവുമാണ് തന്നതെങ്കിലും നിന്റെ ഗുരുക്കന്മാർ ഇനി അദൃശ്യരായിരിക്കുകയില്ല; നിന്റെ കണ്ണുകൾ നിന്റെ ഗുരുക്കന്മാരെ കാണും. 21നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ, “വഴി ഇതാകുന്നു, ഇതിലെ നടന്നുകൊൾക” എന്നൊരു വാക്ക് നിന്റെ പിന്നിൽ നിന്റെ കാതുകൾതന്നെ കേൾക്കും. 22വെള്ളി പൊതിഞ്ഞ വിഗ്രഹങ്ങളെയും സ്വർണം പൂശിയ വാർപ്പുരൂപങ്ങളെയും നിങ്ങൾ അശുദ്ധമാക്കും. ആർത്തവരക്തം പുരണ്ട തുണി എന്നപോലെ നിങ്ങൾ, “ദൂരെ പൊയ്ക്കൊള്ളൂ!” എന്നു പറഞ്ഞ് അവയെ എറിഞ്ഞുകളയും.

23അപ്പോൾ അവിടന്ന് നിങ്ങൾ നിലത്തു വിതയ്ക്കുന്ന വിത്തിനു മഴയും നിലത്തെ വിളവിൽനിന്ന് നിങ്ങൾക്ക് ആഹാരവും നൽകും. അതു പൗഷ്ടികവും സമൃദ്ധവുമാകും. ആ ദിവസത്തിൽ നിങ്ങളുടെ കന്നുകാലികൾ വിസ്തൃതമായൊരു മേച്ചിൽസ്ഥലത്ത് മേയും. 24നിലം ഉഴുന്ന കാളകളും കഴുതകളും, കവരത്തടിയും
അതായത്, ധാന്യവും പതിരും വേർതിരിക്കുന്നതിന് കോരിയെറിയുന്ന ഉപകരണം.
തൂമ്പയുംകൊണ്ടു വിരിച്ചിട്ട കാലിത്തീറ്റയും പതിരുനീക്കപ്പട്ട ധാന്യവും തിന്നും.
25ആ മഹാസംഹാരദിവസത്തിൽ ഗോപുരങ്ങൾ നിലംപൊത്തുമ്പോൾ ഉന്നതമായ എല്ലാ പർവതങ്ങളിലും ഉയരമുള്ള എല്ലാ കുന്നുകളിലും അരുവികൾ ഒഴുകിത്തുടങ്ങും. 26യഹോവ തന്റെ ജനത്തിന്റെ മുറിവുകെട്ടുകയും താൻ വരുത്തിയ മുറിവു ഭേദമാക്കുകയും ചെയ്യുന്ന ദിവസത്തിൽ ചന്ദ്രന്റെ പ്രകാശം സൂര്യന്റെ പ്രകാശംപോലെയാകുകയും സൂര്യന്റെ പ്രകാശം ഏഴുപകലിന്റെ പ്രകാശം ചേർന്നതുപോലെ ഏഴുമടങ്ങ് ദീപ്തമായിരിക്കുകയും ചെയ്യും.

27ഇതാ, കോപംകൊണ്ടു ജ്വലിച്ചും കനത്ത പുകകൊണ്ട് ഇരുണ്ടും
യഹോവയുടെ നാമം വിദൂരസ്ഥലത്തുനിന്നും വരുന്നു;
അവിടത്തെ അധരങ്ങൾ ക്രോധപൂർണമായും
അവിടത്തെ നാവ് ജ്വലിക്കുന്ന അഗ്നിനാളംപോലെയും ഇരിക്കുന്നു.
28അവിടത്തെ ശ്വാസം കഴുത്തോളം ഉയരുന്ന,
കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിൽ പോലെയാണ്.
അത് ജനതകളെ നാശമാകുന്ന അരിപ്പയിൽ അരിക്കുന്നു;
അത് ജനങ്ങളുടെ താടിയെല്ലിൽ അവരെ വഴിതെറ്റിക്കുന്ന
ഒരു കടിഞ്ഞാൺ കോർക്കുകയും ചെയ്യുന്നു.
29വിശുദ്ധോത്സവം ആഘോഷിക്കുന്ന രാത്രിയിലെന്നപോലെ
നിങ്ങൾ ഗാനമാലപിക്കും;
യഹോവയുടെ പർവതത്തിലേക്ക്,
ഇസ്രായേലിന്റെ പാറയായവന്റെ അടുക്കലേക്ക്,
കുഴൽനാദത്തോടൊപ്പം ജനം പോകുമ്പോഴുണ്ടാകുംപോലുള്ള
ആനന്ദം നിങ്ങളുടെ ഹൃദയങ്ങൾക്കുണ്ടാകും.
30യഹോവ തന്റെ മഹത്ത്വമുള്ള അധികാരസ്വരം കേൾപ്പിക്കും,
ഭയാനകമായ ക്രോധത്തിലും ദഹിപ്പിക്കുന്ന അഗ്നിജ്വാലയിലും
മേഘവിസ്ഫോടനം, ഇടിമിന്നൽ, കന്മഴ എന്നിവയിലും
തന്റെ ഭുജവീര്യം അവിടന്നു വെളിപ്പെടുത്തുകയും ചെയ്യും.
31യഹോവയുടെ ഉഗ്രനാദം അശ്ശൂരിനെ തകർക്കും;
തന്റെ വടികൊണ്ട് അവിടന്ന് അവരെ അടിക്കും.
32യഹോവ തന്റെ ബലമുള്ള ഭുജംകൊണ്ടാണ് അവരോടു യുദ്ധംചെയ്യുമ്പോൾ
അവിടന്ന് തന്റെ ശിക്ഷാദണ്ഡുകൊണ്ട്
അവരുടെമേൽ ഏൽപ്പിക്കുന്ന ഓരോ പ്രഹരവും
തപ്പിന്റെയും കിന്നരത്തിന്റെയും നാദത്തോടുകൂടെ ആയിരിക്കും.
33അഗ്നികുണ്ഡം നേരത്തേതന്നെ ഒരുക്കിയിരിക്കുന്നു;
അതു രാജാവിനായിട്ടും സജ്ജമാക്കിയിട്ടുണ്ട്.
അതിനെ അവിടന്ന് അഗാധവും വിശാലവുമാക്കിയിരിക്കുന്നു,
ചിതയിൽ തീയും ധാരാളം വിറകുമുണ്ട്;
യഹോവയുടെ ശ്വാസം
ഒരു ഗന്ധകനദിപോലെ
അതിനെ ജ്വലിപ്പിക്കും.
Copyright information for MalMCV